Kerala
കൊച്ചി: എറണാകുളത്ത് കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യംചെയ്ത സ്കൂട്ടർ യാത്രികനെ കാറിലെത്തിയ സംഘം മർദിച്ചു. കലൂർ- കടവന്ത്ര റോഡിലാണ് സംഭവം.
പരാതിക്കാരനായ റിജോ ജോയ് (42) സ്കൂട്ടറിൽ യാത്രചെയ്യവേ കാറിൽ യാത്ര ചെയ്തിരുന്ന ഒരാൾ റിജോയുടെ മുഖത്ത് തുപ്പുകയായിരുന്നു. ഇത് ചോദ്യംചെയ്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മറ്റൊരാൾ വായിൽ വെള്ളം നിറച്ച് തുപ്പുകയും തടഞ്ഞുനിർത്തി റിജോയുടെ ഹെൽമെറ്റ് ബലമായി ഊരിയെടുത്ത് തലയുടെ പിൻഭാഗത്ത് അടിക്കുകയുമായിരുന്നു.
തുടർന്ന് ഹെൽമെറ്റ് റോഡിലിട്ട് അടിച്ചുതകർത്തു. സംഭവത്തിൽ കടവന്ത്ര പൊലിസ് കണ്ടാലറിയാവുന്ന പ്രതികളുടെ പേരിൽ കേസെടുത്തു.
National
ഗൂഡല്ലൂര്: കാറിന് മുകളില് ഭീമന് പാറകള് വീണ് മുന് വ്യോമസേന ഉദ്യോഗസ്ഥന് മരിച്ചു. ഊട്ടിക്കടുത്ത ജഗദള സ്വദേശി കൃഷ്ണമൂര്ത്തിയാണ് (65) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ദേവകി, മകന് കാര്ത്തിക് എന്നിവര്ക്ക് പരിക്കേറ്റു. ഇവരെ മേട്ടുപാളയം ഗവ. ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏ ഴോടെ യാണ് സം ഭവം. ഊട്ടി മേട്ടുപാളയം ദേശീയ പാതയിലെ കുന്നൂര് ബര്ളിയാറിലാണ് അപകടം. റോഡിലൂടെ കാര് സഞ്ചരിക്കുമ്പോള് മലയുടെ മുകളില് നിന്ന് ഭീമന് പാറകള് കാറിലേക്ക് പതിക്കുകയായിരുന്നു.
നീലഗിരി ജില്ലയില് കഴിഞ്ഞ മൂന്ന് ദിവസമായി രാത്രിയും പകലും ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തിരുന്നു. മഴയെത്തുടര്ന്ന് പാറ അടര്ന്ന് വീഴുകയായിരുന്നു. ജഗദളയില് നിന്ന് മേട്ടുപാളയത്തേക്ക് പോകുകയായിരുന്നു കാര് യാത്രക്കാര്.
Kerala
വൈപ്പിന്: റോഡില് മാര്ഗതടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത കാര് യാത്രികനെ കല്ലുകൊണ്ട് ഇടിച്ചതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശി വിപിന് വര്ഗീസിനാണ് ഇടിയേറ്റത്. കഴിഞ്ഞ ദിവസം മാലിപ്പുറം പാലത്തിന് സമീപം സുഹൃത്തിന്റെ കാറില് സഞ്ചരിക്കവേയാണ് സംഭവം.
അലക്ഷ്യമായി റോഡ് മറികടന്ന ഒരു കാല്നടയാത്രക്കാരനെ ചോദ്യം ചെയ്തതിനെ തുടര്ന്ന് ഇയാള് മാര്ഗ തടസം സൃഷ്ടിക്കുകയും റോഡില് കിടന്ന കല്ലെടുത്ത് വിപിന് വര്ഗീസിനെ മുഖത്ത് ഇടിക്കുകയും ആയിരുന്നു.
സംഭവത്തില് എളങ്കുന്നപ്പുഴ സ്വദേശി ആന്റണി എന്നയാള്ക്കെതിരെ ഞാറക്കല് പൊലിസ് കേസ് എടുത്തു.
Kerala
ചങ്ങനാശേരി: കാല്നടയാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു. തുരുത്തി പുളിക്കല് കുരിശുംമൂട്ടില് സെബാസ്റ്റ്യന്റെ ഭാര്യ ജോളിക്കുട്ടി (52)യാണ് മരിച്ചത്.
ഇന്നലെ പുലര്ച്ചെ ആറിനുള്ള വിശുദ്ധകുര്ബാനയില് പങ്കെടുക്കാന് തുരുത്തി മര്ത്ത്മറിയം ഫൊറോന പള്ളിയിലേക്കു നടന്നു പോകുന്പോൾ ചങ്ങനാശേരി ഭാഗത്തുനിന്നും വന്ന കാര് നിയന്ത്രണംവിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
നാട്ടുകാര് ചേര്ന്ന് ജോളിയെ റോഡിലൂടെവന്ന ആംബുലന്സില് കയറ്റി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില് പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചങ്ങനാശേരി പൊലിസ് മേല്നടപടികള് സ്വീകരിച്ചു. ഭര്ത്താവ് സെബാസ്റ്റ്യന് വിദേശത്തു ജോലിയിലാണ്. സംസ്കാരം പിന്നീട്. മക്കള്: എഡ്വിന്, എറിക്സണ്.
Kerala
മലപ്പുറം: ബംഗളൂരുവില്നിന്ന് കാറില് എത്തിച്ച 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. തെക്കുമുറി കരുമത്ത് പറമ്പില് മുഹമ്മദ് റിസ്വാന് (25), തവനൂര് അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിര് (42) എന്നിവരാണ് പിടിയിലായത്.
തിരൂര് ഡാന്സാഫ് സംഘവും കുറ്റിപ്പുറം പൊലിസും ചേര്ന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. തവനൂര് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്പ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടര്ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.
ബംഗളൂരുവില്നിന്ന് കാറിലാണ് എംഡിഎംഎ തവനൂരിലെത്തിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പിടിയിലായവരുടെ ലഹരി ഇടപാടുകളെക്കുറിച്ചും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലഹരിവസ്തു വില്ക്കാന് സഹായിച്ചവരെയും സാമ്പത്തികമായി പിന്തുണ നല്കിയവരെയും കുറിച്ച് കൂടുതല് വിവരങ്ങള് ലഭിച്ചതായി പൊലിസ്
അറിയിച്ചു.
ഇവരുടെ ഇടപാടുകളുടെയും വിതരണശൃംഖലയുടെയും കൂടുതല് വിവരങ്ങള് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. എംഡിഎംഎയുടെ ഉറവിടവും ഇത് എത്തിച്ചുനല്കിയവരും വില്പ്പനയില് പങ്കാളികളായവരും ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: ചക്കരപ്പറമ്പ് ബൈപ്പാസില് കാര് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. വൈറ്റില ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഡ്രൈവിംഗ് സ്കൂളിലെ കാറിലേക്ക് മറ്റൊരു കാര് വന്ന് ഇടിക്കുകയായിരുന്നു.
ഇതോടെ ഡ്രൈവിംഗ് സ്കൂളിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് ബസ് സ്റ്റോപ്പില് ആളുകളില്ലാത്തതിനാല് വന് ദുരന്തം ഒഴിവായി. ഇരു കാറുകളിലുമുണ്ടായിരുന്ന അഞ്ചു പേരും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
Kerala
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാൻചിറയിൽ നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് മറിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.
ഉത്തർപ്രദേശ് ഗുർപുർ സ്വദേശി പ്രദീപ് കുമാർ (22), ഗയരാബാദ് സ്വദേശി സത്യം കനൂജിയ (24) എന്നിവരാണ് മരിച്ചത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ നിർമാണ കരാർ എടുത്തിരിക്കുന്ന കരാർ കമ്പനിയുടെ തൊഴിലാളികളാണ് ഇരുവരും.
നേര്യമംഗലത്തുനിന്ന് തലക്കോട് ഭാഗത്തേക്കു വരികയായിരുന്ന കമ്പ്രസർ ട്രാക്ടർ നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിച്ച് മറിയുകയായിരുന്നു.
National
ആഗ്ര: ലക്നോ-ആഗ്ര എക്സ്പ്രസ് വേയിൽ കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹി സ്വദേശികളായ ജയ്പ്രകാശ് (32), ഭൂപേന്ദ്ര (35), കപിൽ (31) എന്നിവരാണ് മരിച്ചത്. യശ്വന്ത് (33), ചന്ദ്രകാന്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം.
ഡൽഹിയിൽ നിന്ന് ബല്ലിയയിലേക്ക് ജോലിക്കായി പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. യശ്വന്തായിരുന്നു കാർ ഓടിച്ചിരുന്നത്. ജയ്പ്രകാശ്, ഭൂപേന്ദ്ര, കപിൽ എന്നിവർ കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് ഇവർ മരിച്ചത്.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ സുഖ്ദേവ് വിഹാർ മെട്രോ സ്റ്റേഷന് സമീപം മത്സരയോട്ടത്തിനിടെ കാറിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ആറരയ്ക്കായിരുന്നു സംഭവം.
അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലും സൈക്കിളിലും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാറുകൾ തമ്മിൽ റോഡിൽ മത്സരയോട്ടം നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.
അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ച ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
വോൾഫ്സ്ബുർഗ്: പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ തങ്ങളുടെ ജനപ്രിയ മോഡലുകളിൽ സ്റ്റിയറിംഗ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വൻതോതിൽ കാറുകൾ തിരിച്ചുവിളിക്കുന്നു.
സ്റ്റിയറിംഗ് ഗിയർബോക്സിനെ ഘടിപ്പിക്കുന്ന ബോൾട്ടുകൾക്ക് തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിംഗിനിടെ സ്റ്റിയറിംഗ് പൂർണമായും പ്രവർത്തനരഹിതമാകാൻ ഇടയാക്കുമെന്നും ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്പോർട്ട് അതോറിറ്റി (കെബിഎ) മുന്നറിയിപ്പ് നൽകി.
ലോകമെമ്പാടുമായി 21,59,054 ഫോക്സ്വാഗൺ വാഹനങ്ങളെയാണ് ഈ സാങ്കേതിക തകരാർ ബാധിക്കുന്നത്. ഇതിൽ ജർമനിയിൽ മാത്രം 8,95,832 കാറുകൾ ഉൾപ്പെടുന്നുണ്ട്.
ബാധിക്കപ്പെടുന്ന പ്രധാന മോഡലുകൾ:
ഏകദേശം 11 വർഷത്തോളമുള്ള ഉത്പാദന കാലയളവിൽ പുറത്തിറങ്ങിയ ജനപ്രിയ കാറുകൾക്കാണ് ഈ തകരാർ കണ്ടെത്തിയിട്ടുള്ളത്.
മോഡലുകൾ: ഗോൾഫ്, ഗോൾഫ് വേരിയന്റ്, ടിഗ്വാൻ, ടൂറാൻ, കാഡി.
നിർമാണ കാലയളവ്: 2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ വിപണിയിലെത്തിയ വാഹനങ്ങൾ.
തകരാർ ഗുരുതരം; ഇതുവരെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
ഈ മോഡലുകളിലെ സ്റ്റിയറിംഗ് ഗിയറിലേക്ക് ഈർപ്പം ഇറങ്ങാൻ സാധ്യതയുണ്ടെന്നാണ് കെബിഎയുടെ കണ്ടെത്തൽ. കാലക്രമേണ ബോൾട്ടുകളിൽ തുരുമ്പ് പിടിക്കുകയും കടുത്ത സമ്മർദ്ദമുണ്ടാകുമ്പോൾ ഇത് ഒടിഞ്ഞുപോവുകയും ചെയ്തേക്കാം.
ബോൾട്ട് ഒടിഞ്ഞാൽ സ്റ്റിയറിംഗ് സംവിധാനം ഇളകുകയും വാഹനം തിരിക്കാൻ സാധിക്കാതെ വരികയും ചെയ്യും. അതേസമയം, ഈ തകരാർ മൂലം ഇതുവരെ അപകടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് വാഹനങ്ങൾ വർക്ക്ഷോപ്പുകളിലേക്ക് തിരിച്ചുവിളിക്കുന്നത്.
സൗജന്യമായി മാറ്റിസ്ഥാപിക്കാം
വാഹന ഉടമകൾക്ക് പൂർണമായും സൗജന്യമായാണ് ഫോക്സ്വാഗൺ ഈ അറ്റകുറ്റപ്പണി ചെയ്തുനൽകുന്നത്. നിലവിലുള്ള ബോൾട്ടുകൾ മാറ്റി തുരുമ്പെടുക്കാത്ത പുതിയവ ഘടിപ്പിച്ചു നൽകും.
ബാധിക്കപ്പെട്ട കാറുകളുടെ ഉടമകൾക്ക് ഫോക്സ്വാഗണിൽ നിന്നും കെ.ബി.എയിൽ നിന്നും ഔദ്യോഗിക കത്തുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
റഫറൻസ് കോഡുകൾ: ഫോക്സ്വാഗൺ ഈ തിരിച്ചുവിളിക്കലിന് നൽകിയിരിക്കുന്ന കോഡ് 48വിഎസ് എന്നും കെബിഎ റഫറൻസ് നമ്പർ 17016ആർ എന്നുമാണ്.
കാർ ഉടമകൾക്ക് തങ്ങളുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ പരിശോധിച്ച് വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം.
സംശയങ്ങൾക്കായി ഫോക്സ്വാഗന്റെ സൗജന്യ കസ്റ്റമർ കെയർ ഹെൽപ്പ്ലൈനായ 0800 8655792436 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
National
ജംഷഡ്പുർ: നിയന്ത്രണംവിട്ടെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്ത ട്രക്കിൽ ഇടിച്ചുകയറി കാറിലുണ്ടായിരുന്ന ജാർഖണ്ഡ് മന്ത്രി ദീപിക പാണ്ഡെ സിംഗിന്റെ മകൾ ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം.
ഇന്നലെ വെളുപ്പിനു മൂന്നിന് ജംഷഡ്പുർ സിറ്റിയിലെ മറൈൻ ഡ്രൈവിലായിരുന്നു അപകടം. തൃഷ സിംഗ്, സാർഥക് അഗർവാൾ, നമൻ ഗുപ്ത്, വൻഷിക ഖണ്ഡേൽവാൽ എന്നിവരാണു മരിച്ചത്.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
National
ദിസ്പൂർ: ആസാമിലെ നാഗോൺ ജില്ലയിൽ കാർ പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നിന്ന് ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നാഗോണിലെ പുരാണി ഗുഡാമിന് സമീപമുള്ള കെനാപട്ടിയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഡിവൈഡറിലും തുടർന്ന് പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞ തീപിടിത്തമുണ്ടായി.
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് പേർ പൊള്ളലേറ്റ് സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പിറവം ഓണക്കൂറില് നിയന്ത്രണംവിട്ട കാര് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ഓണക്കൂർ സ്വദേശി വര്ഗീസ് രാജുവിന്റെ വീടാണ് അപകടത്തിൽ തകർന്നത്. അപകടത്തില് ആര്ക്കും പരിക്കില്ല.
ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം നടന്നത്. വര്ഗീസും കുടുംബവും അപകട സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ കാറിലിയുണ്ടായിരുന്ന യുവാക്കള് ഓടി രക്ഷപെട്ടു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു. കർണാടക സ്വദേശി ആൽവിൻ പ്രകാശ് കുണ്ടറിനെയാണ് ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കാണാതായ ആൽവിന്റെ ഭാര്യ ഉടുപ്പി സ്വദേശി ടിനയെയും പത്താം ക്ലാസ് വിദ്യാർഥിയായ മകനെയും ഇനിയും കണ്ടെത്താനായില്ല. ജൂലൈയിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ രണ്ട് മാസത്തിന് ശേഷമാണ് പുറത്തുവന്നത്.
കഴിഞ്ഞ 14 വർഷമായി ഷാർജ എയർപോർട്ടിൽ ജീവനക്കാരനാണ് ആൽവിൻ. നെഞ്ചിൽ കുത്തേറ്റ നിലയിലും ശരീരം ഒമ്പത് കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി ഒമാൻ റൂട്ടിൽ, ഉപേക്ഷിച്ച കാറിന്റെ ഡിക്കിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 22-നാണ് മൃതദേഹം കണ്ടെത്തിയത്.
ആൽവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടീനയെയും മകനെയും കാണാതായത്. ഷാർജയിൽ സ്കൂൾ അധ്യാപികയായ ടീനയും പത്താം ക്ലാസ് വിദ്യാർഥിയായ മകനും ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
ജൂലൈ 20-ന് ആൽവിന്റെ സഹോദരൻ അനിൽ പ്രശാന്ത് വിളിച്ചപ്പോൾ അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. പകരം സുരക്ഷിതനാണെന്ന് കാണിക്കുന്ന ഒരു സന്ദേശം മാത്രമാണ് ലഭിച്ചത്. ശബ്ദ സന്ദേശങ്ങൾ അയക്കാറുള്ള ആൽവിൻ ടെക്സ്റ്റ് സന്ദേശം അയച്ചതിൽ സംശയം തോന്നിയ കുടുംബം ഷാർജയിലുള്ള സുഹൃത്ത് മനോഹറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കുടുംബം അന്വേഷണം ആവശ്യപ്പെട്ട് ഉഡുപ്പി എസ്പിയെ സമീപിച്ചിട്ടുണ്ട്. ആൽവിൻ താമസിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെന്നും രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അവിടെനിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങൾ അതിലുണ്ടെന്നും അനിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി. മഹമാണ്ടിയിലെ കാൽവി പ്യാവു റെയിൽവേ ക്രോസിന് സമീപമാണ് സംഭവം.
ജോധ്പൂരിലെ ബി.ജെ.എസ് പ്രദേശത്ത് വച്ച് ഒരു സ്ത്രീ ഓടിച്ചിരുന്ന ഇലക്ട്രിക് കാർ ആദ്യം ഒരു ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം റെയിൽവേ ഗേറ്റ് തകർത്ത് ട്രാക്കിലേക്ക് പാഞ്ഞുകയറി. ട്രാക്കിൽ കുടുങ്ങിയ വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം റെയിൽവേ പാളങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയും ചെയ്തു.
ട്രാക്കിലൂടെ ട്രെയിൻ വരാനിരിക്കുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ ഉടൻ അധികൃതർ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
അപകടത്തിൽ കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊലിസെത്തി വാഹനം ട്രാക്കിൽ നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൂത്താട്ടുകുളം: നടക്കാവ് ഹൈവേയില് ഗുഡ്വില് ആശുപത്രിക്ക് സമീപം ഭിന്നശേഷിക്കാരിയെ സ്കൂട്ടര് ഇടിച്ച് തെറിപ്പിച്ച ശേഷം കാര് നിര്ത്താതെ പോയതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം. വടകര ഗോപുരം വീട്ടില് സുരേഷിന്റെ ഭാര്യ സിന്ധു സഞ്ചരിച്ച മൂച്ചക്കര സ്കൂട്ടറിലാണ് കാറിടിച്ചത്.
ഹൈവേയ്ക്ക് സമീപമുള്ള ഡോക്ടറെ കണ്ടതിനു ശേഷം വടകരയിലെ വീട്ടിലേക്ക് മടങ്ങാന് സ്കൂട്ടറില് കയറുന്നതിനിടെ സിന്ധുവിനെ കൂത്താട്ടുകുളം ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ കാര് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് സ്കൂട്ടര് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയും സിന്ധു റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകടമുണ്ടാക്കിയ കാര് നിര്ത്താതെ വേഗത്തില് ഓടിച്ചുപോയി. പരിക്കേറ്റ് ശാരീരിക അസ്വസ്ഥതകള് പ്രകടിപ്പിച്ച സിന്ധുവിനെ ഉടന് തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധു കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിലെ ജീവനക്കാരിയാണ്. സിന്ധു സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് വലിയ രീതിയിലുള്ള കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.
അപകട സ്ഥലത്തു നിന്ന് കാറിന്റെ തകര്ന്ന ബോഡി പാര്ട്സുകള് കണ്ടെത്തിയിട്ടുണ്ട്. ഇവയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില് വാഹനത്തെ കുറിച്ച് നിര്ണായക സൂചന ലഭിച്ചതായാണ് വിവരം.
National
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ബാലാജി മാർക്കറ്റിലുള്ള വർക്ക്ഷോപ്പിൽ വൻ തീപിടിത്തം. സംഭവത്തിൽ എട്ട് കാറുകളും സ്പെയർ പാർട്സുകളും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
സംഭവം നടക്കുമ്പോൾ പുതിയതും പഴയതുമായ 50-ലധികം കാറുകൾ വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്നു. ഇതിൽ എട്ട് വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും പൊലിസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നീരജാണ് (40) മരിച്ചത്.
നീരജും ഭാര്യയും സ്കൂട്ടറിൽ സഞ്ചരിക്കവേ അമിതവേഗത്തിലെത്തിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നീരജിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ ചികിത്സയിൽ തുടരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഒളിവിലുള്ള ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കര്ണാടകയിലെ കോരമംഗലയില് നിര്ത്തിയിട്ടിരുന്ന കാറിനുള്ളില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. കൊടകു സ്വദേശി സലിം അക്ബറാണ് മരിച്ചത്.
കാറിനുള്ളില് ഒരാളെ അനക്കമില്ലാത്ത നിലയില് കണ്ടെത്തിയതിയതായി ഞായറാഴ്ച രാവിലെ പൊലിസിന് വിവരം ലഭിച്ചു. പൊലിസ് ഉടന് തന്നെ സ്ഥലത്തെത്തി അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും ഡോക്ടര്മാര് മരണം സ്ഥിരീക്കരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി അയച്ചു.
പുലര്ച്ചെ രണ്ടരയ്ക്ക് ഇദ്ദേത്തിന്്റെ കാര് ഒരു ഹോട്ടലിന് മുന്നില് നിര്ത്തിയിട്ടിരിക്കുന്നതായി പൊലിസ് സിസിടിവി ദൃശ്യങ്ങളില് നിന്ന് കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളാകാം മരണകാരണമെന്നാണ് പൊലിസിന്്റെ പ്രാഥമിക നിഗമനം.
ഫോറന്സിക് സംഘം കാര് പരിശോധിച്ച് തെളിവുകള് ശേഖരിച്ചു. സംഭവത്തില് കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മട്ടന്നൂർ: മന്ത്രി കെ.എം. ഷാജി ഉപയോഗിച്ചിരുന്ന ആഡംബര കാർ തിരിച്ചെടുത്തതു താനാണെന്ന് ഉടമ തില്ലങ്കേരി സ്വദേശി യാക്കൂബ്.
“മകന്റെ വിവാഹനിശ്ചയ ചടങ്ങിനായി ഞാൻ നാട്ടിൽ വരുന്നുണ്ട്. സാധാരണ നാട്ടിൽ വരുമ്പോൾ വാഹനം എന്റെ കൈയിലാണുണ്ടാകുക’’-റിയാദിലുള്ള യാക്കൂബ് ഫോണിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കെ.എം. ഷാജി യൂറോപ്പിൽ പോകുന്നതിനു മുന്പ് വാഹനം തിരിച്ചെടുത്തിരുന്നു. താൻ ഷാജിയുടെ ബിനാമിയല്ലെന്നും യാക്കൂബ് പറഞ്ഞു. താൻ തിരിച്ചുപോകുമ്പോൾ ഷാജിക്ക് ആവശ്യമെങ്കിൽ വാഹനം ഉപയോഗിക്കാം.
മന്ത്രി കെ.എം. ഷാജി ആവശ്യപ്പെട്ടാൽ ഇനിയും താൻ കാർ കൊടുക്കുമെന്നും യാക്കൂബ് കൂട്ടിച്ചേർത്തു.
National
മുംബൈ: നിയന്ത്രണംവിട്ട കാർ നിർമാണത്തിലിരുന്ന പാർക്കിംഗ് കേന്ദ്രത്തിലേക്ക് ഇടിച്ചു മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 5.20ഓടെ കോസ്റ്റൽ റോഡിൽ ലാലാ ലജ്പത് റായ് കോളജിന് എതിർവശം ലോട്ടസ് ജെട്ടിക്കു സമീപമായിരുന്നു അപകടം.
മറൈൻ ഡ്രൈവിൽനിന്ന് ഹാജി അലിയിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന ഗുജറാത്ത് രജിസ്ട്രേഷനുള്ള കാർ നിയന്ത്രണംവിട്ട് പാർക്കിംഗ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരെയും പുറത്തെടുത്ത് നൈർ ആശുപത്രിയിലെത്തിച്ചെങ്കിലും ഷനായ് ഗജാർ (21), ധൈര്യ ദർശൻ സേത്ത് (17), ആദിത്യ ജകാസ്നിയ (19) എന്നിവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സിൽവാസ സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതര പരുക്കേറ്റ ആദിത്യ ഓസ്വാൾ (23) ചികിത്സയിലാണ്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. രക്ഷപ്പെട്ടയാളുടെ മൊഴി രേഖപ്പെടുത്തിയശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പൊലിസ് അറിയിച്ചു.
മറൈൻ ഡ്രൈവിനെയും ബാന്ദ്ര-വർളി സീ ലിങ്കിന്റെ വർളി ഭാഗത്തെയും ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് മുംബൈ കോസ്റ്റൽ റോഡ്. ജൂലൈ 15ന് കോസ്റ്റൽ റോഡ് തുരങ്കത്തിനുള്ളിൽ കാറിന് തീപിടിച്ചിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.
Kerala
വൈക്കം: ആലപ്പുഴ ചേർത്തല തണ്ണീർമുക്കത്ത് നിയന്ത്രണംവിട്ട കാർ പാസഞ്ചർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈക്കം സ്വദേശിയായ ഓട്ടോഡ്രൈവർ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്.
വൈക്കം വലിയകവല സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ പുളിഞ്ചുവട് ആലിങ്കത്തറയിൽ ഹരിദാസാ (72)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഹൈമ(65)യെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തണ്ണീർമുക്കം സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഹിമ ഹരിദാസ്, ഹിരൺഹരിദാസ്. മരുമക്കൾ: പ്രേംജി, അഞ്ജലി.
National
ഹൈദരാബാദ്: റോഡ് ഡിവൈഡറിൽ ഇടിച്ചതിനു പിന്നാലെ കാറിനു തീപിടിച്ച് ഡോക്ടർ വെന്തുമരിച്ചു.
സൂര്യപേട്ടിൽ ഹൈദരാബാദ്-ഖമ്മം ഹൈവേലെ പില്ലലമറി ഫ്ലൈഓവറിനു സമീപം ഇന്നലെ രാവിലെ 7.15നായിരുന്നു അപകടം.
സമീപത്തെ ടോൾ ഗേറ്റിൽനിന്നുള്ള വിവരങ്ങളും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും പരിശോധിച്ചാണ് മരിച്ചത് ന്യൂറോ സർജനായ കെ. ജഗദീഷ് ആണെന്ന് തിരിച്ചറിഞ്ഞത്.
ഖമ്മം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളെ കാണുന്നതിനായി ഖമ്മത്തുനിന്ന് ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലിസ് അറിയിച്ചു.
National
ഹൈദരാബാദ്: ദേശീയ പാതയിൽ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ന്യൂറോ സർജൻ മരിച്ചു. ഖമ്മം സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായിരുന്ന ഡോ. കെ. ജഗദീഷ് ബാബു ആണ് മരിച്ചത്.
സൂര്യപേട്ട് ജില്ലയിലെ പിള്ളലമറിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് ജഗദീഷ് ബാബു വെന്തുമരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.15ന് ആയിരുന്നു അപകടമുണ്ടായത്.
ഖമ്മത്ത് നിന്ന് തന്റെ കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറോടിച്ച് പോകുന്പോഴാണ് അപകടം. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ വാഹനം പൂർണമായും കത്തിയമർന്നു. കാറിനുള്ളിൽ നിന്ന് ജഗദീഷ് ബാബുവിന് പുറത്തിറങ്ങാനായില്ല.
National
മുംബൈ: അമിതവേഗതയിലെത്തിയ ബിഎംഡ്ബ്ല്യു കാർ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേയ്ക്ക് പതിച്ച അപകടത്തിൽ മൂന്ന് പേർ മരിച്ചു. മുംബൈയിലെ ലോട്ട് ജെട്ടിക്ക് സമീപം ലാലാ കോളജിന് എതിര്വശത്ത് ഇന്ന് പുലർച്ചെ 5.20 ഓടെയായിരുന്നു അപകടം.
സഞ്ജയ് ഗജ്ജാൽ (21), ദിരിയ സേത്ത് (17), ഇവർക്കൊപ്പമുണ്ടായിരുന്ന 25 വയസ് പ്രായം തോന്നിക്കുന്ന യുവാവുമാണ് മരിച്ചത്. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.
മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലി എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാര് പാലത്തിന്റെ കൈവരിയില് ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു.
National
ഭൂവനേശ്വർ: മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിൽ കാർ ചതുപ്പിലേക്കു മറിഞ്ഞ് ഒഡീഷയിലെ ഏഴംഗ കുടുംബം ഉൾപ്പെടെ എട്ടുപേർക്കു ദാരുണാന്ത്യം.
മരണമടഞ്ഞ കാർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശിയാണ്. നൽകൽഖേഡയിലെ ബാഗുലമുഖി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അത്യാഹിതമെന്ന് പൊലി സ് പറഞ്ഞു.
ഒഡീഷയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മഴവെള്ളം നിറഞ്ഞൊഴുകിയ അഴുക്കുചാലിലേക്കു മറിഞ്ഞാണ് അപകടം. മരിച്ചവരിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉണ്ട്.
Kerala
കണ്ണൂർ: സർക്കാർ നൽകിയ ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി തിരികെ നൽകി. കെഎംസിസി നേതാവ് യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. കണ്ണൂർ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിലാണ് മന്ത്രി കാർ തിരികെയെത്തിച്ചത്.
പ്രവാസി മലയാളിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കോടി വിലയുള്ള ആഡംബര കാറാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി മന്ത്രി ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര കാർ സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ഉപയോഗിക്കുന്നതെന്നാരോപിച്ച് ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.
മന്ത്രിയുടെ സ്വന്തം വാഹനം അല്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് തെറ്റാണെന്നും പൊതുഭരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഉപയോഗിച്ചതെന്നും പ്രതിപക്ഷം പ്രചാരണം നടത്തി.
സർക്കാർ വാഹനം ഉപയോഗിക്കാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ലോക്ക് ബുക്കോ കൃത്യമായ രേഖകളോ ഇല്ലാതെയാണ് വാഹനം ഉപയോഗിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിന്റെ പേരിൽ സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സർക്കാർ ഔദ്യോഗികമായി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ 4,00,000 കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അത് ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഒട്ടിച്ചത് സർക്കാരിന്റെ അനുമതിയോടെയാണെന്നും ഇന്ധനം നിറയ്ക്കാനും വാടകയിനത്തിലും സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിവാദങ്ങളെ തുടർന്നാണ് ഒടുവിൽ മന്ത്രി വാഹനം തിരികെ നൽകിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അമിതവേഗത്തിലെത്തിലെത്തിയ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് വിദ്യാർഥികളുടെ നേരെയാണ് കാർ ഇടിച്ചുകയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളുടെ നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വാഹനം കണ്ടെത്താനും ഡ്രൈവറെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: പയ്യോളിയിൽ കാറിൽ സഞ്ചിരിച്ചിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനും നേരെയാണ് ആക്രമണമുണ്ടായത്. ഇരുവർക്കും പരിക്കേറ്റു.
പയ്യോളി ഓയിൽ മില്ലിന് സമീപമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബന്ധുവിന്റെ മരണവീട് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കി, കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് വിഷ്ണുവിന്റെ ചെവിക്ക് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെ കഴുത്തിൽ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടു. ഇരുവരും വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പയ്യോളി പൊലിസ് കേസെടുത്തു.
Kerala
ആലുവ: ദേശീയപാതയിൽ തായിക്കാട്ടുകര ഐശ്വര്യനഗറിലെ അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെന്ന് സ്ഥിരീകരിച്ചു.
മണ്ണാർക്കാട് കക്കാട് അടാട്ട് വീട്ടിൽ അനില തോമസ് (46) ആണു മരിച്ചത്. ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകളും കരൾ സംബന്ധമായ അസുഖങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മൂന്നു മാസത്തിലേറെയായി അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. സിസി ടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ 16ന് രാവിലെ 6.30ന് ഇവർ ഫ്ലാറ്റിൽനിന്ന് ഇറങ്ങി ഫ്ലാറ്റ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഐടി മേഖലയിൽ ഇവർ ജോലി ചെയ്തിരുന്നു. അപ്പാർട്ട്മെന്റ് കോന്പൗട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ കാറിൽ പലപ്പോഴും ഇവർ കയറിയിരിക്കാറുണ്ടെന്ന് പറയുന്നു.
കഴിഞ്ഞദിവസം വൈകുന്നേരം കുട്ടികളാണു മൃതദേഹം കണ്ടത്. ഫ്ലാറ്റിൽനിന്ന് ബിഹാർ വിലാസത്തിലുള്ള മറ്റൊരു സ്ത്രീയുടെ ആധാർ കാർഡ് ലഭിച്ചിരുന്നു. ഇവരാകാം മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
National
ബംഗളൂരു: കർണാടകയിലെ യെലഹങ്കയിൽ പതിമൂന്ന് വയസുകാരനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു. ഭാസ്കർ റെഡ്ഡിയാണ് (35) അയൽവാസി പ്രജ്വലിനെ തലക്കടിച്ച് കൊന്നത്.
വീടിന് സമീപമുള്ള കടയിൽ നിന്ന് പടക്കം വാങ്ങാമെന്ന് പറഞ്ഞ് ഭാസ്കർ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അയൽവാസിയായതിനാൽ പ്രജ്വൽ യാതൊരു സംശയവുമില്ലാതെ പോയെന്ന് പൊലിസ് വ്യക്തമാക്കി.
കുട്ടിയെ തന്റെ വീട്ടിലെത്തിച്ച പ്രതി കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. തുടർന്ന് മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചു. മൃതദേഹം അവിടെ ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലിസ് പറയുന്നു.
എന്നാൽ യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. അരമണിക്കൂറിനു ശേഷം വാഹനം മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. തുടർച്ചയായുണ്ടായ ഈ അപകടങ്ങൾ നാട്ടുകാരുടെയും പൊലിസിന്റെയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ഡിക്കിയിൽ കണ്ടെത്തിയത്. ഉടൻതന്നെ പൊലിസ് കേസെടുത്ത് ഭാസ്കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തു.
ആദ്യം ചോദ്യം ചെയ്തപ്പോൾ കുട്ടി കാറിനു മുന്നിലേക്ക് ചാടി മരിച്ചതാണെന്നായിരുന്നു പ്രതി പൊലിസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുട്ടിയെ കാണാതായത് മുതൽ പ്രതിയുടെ നീക്കങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലിസ് വിശദമായി പരിശോധിച്ച് വരികയാണ്.
Kerala
പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ കാർ അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസ്സാര പരിക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം.
അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന പിക് അപ്പ് വാനുമായി കൂട്ടയിടിക്കുകയായിരുന്നു. കൈയ്ക്ക് നിസ്സാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു.
പരിശോധനയ്ക്ക് ശേഷം സുകുമാരൻ നായർ പെരുമ്പളിക്കലിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയി.
National
ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ. പുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാർ ഇടിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ വേണുഗോപാൽ (73) പിടിയിലായി. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം നടന്നത്.
മുനിരക സ്വദേശി തനിഷ് തോക്കാസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ വേണുഗോപാലിന്റെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തനിഷ് തോക്കാസ് താഴേക്ക് വീണെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ കാറിനടിയിൽ കുടുങ്ങിയ ബൈക്ക് ഏകദേശം 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വേണുഗോപാലിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
District News
മുക്കൂട്ടുതറ: നിയന്ത്രണം തെറ്റിയ കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ പുലർച്ചെ നാലോടെ മുട്ടപ്പള്ളിയിലാണ് അപകടം. ചിക്കൻ സ്റ്റാൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് കാറിടിച്ചത്. കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെയും കാറിന്റെയും മുൻഭാഗങ്ങൾ തകർന്നു. ശബരിമല ദർശനത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. എരുമേലി പൊലിസ് സ്ഥലത്തെത്തിയിരുന്നു.
National
ബംഗളൂരു: കർണാടകയിലെ അഗ്രഹാര ദാസറഹള്ളിയിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾ സഞ്ചരിച്ച കാർ കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് ആക്രമണത്തിന് ഇരയായത്. കുടുംബത്തിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ വിവാഹം കഴിച്ച ഇവർ ഭർത്താവിനൊപ്പം അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വിവരം അറിഞ്ഞെത്തിയ പെൺകുട്ടിയുടെ കുടുംബം ഇവരെ തിരികെ കൊണ്ടുപോകാനായി നാലംഗ സംഘത്തെ ബംഗളൂരുവിലേക്ക് അയക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഏഴിന് യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഇവരെ കാറിലേക്ക് വലിച്ചിഴച്ചു കയറ്റി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താൻ തയാറായില്ല.
രക്ഷപ്പെടാനായി പ്രതികൾ അമിതവേഗത്തിൽ പായിച്ച കാർ കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ജയലക്ഷ്മിയുടെ നില ഗുരുതരമാണ്. രക്ഷപ്പെടുന്നതിനിടെ പ്രതികൾ ഓടിച്ച കാർ റോഡിലുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയുണ്ടായി.
നാട്ടുകാരുടെ സഹായത്തോടെ കാർ തടഞ്ഞ് നിർത്തി പ്രതികളെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ സദ്ദാം, രാകേഷ്, അയൻ, കരൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കുറവിലങ്ങാട്: എംസി റോഡില് കാറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കാര് ഡ്രൈവർ മരിച്ചു. വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു അപകടം.
മൂവാറ്റുപുഴ മടവൂര് കൊല്ലമാവുടിയില് തങ്കച്ചന്റെ മകന് എബി (37) യാണ് മരിച്ചത്. മാറാടി കെഎസ്ഇബി സബ് സ്റ്റേഷന് ഓപ്പറേറ്ററാണ്എബി.
ഭാര്യ: നീതു നാടുകാണി (അസിസ്റ്റന്റ് എന്ജിനിയര് ലോവര് പെരിയാര്). മകന്: അല്വാനോ. സംസ്കാരം ഇന്ന് മുടവൂര് സെന്റ് ജോര്ജ് യാക്കോബായ പള്ളിയില് . കാര് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില് കാര് പൂര്ണമായും തകര്ന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഗോറെഗാവിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. രാജേന്ദ്ര മുരളിധർ സോണവാനെ, മംഗേഷ് രാമചന്ദ്ര മോഡലേക്കർ എന്നിവർക്കാണ് പരിക്കേറ്റത്.
ഒബ്റോയ് മാളിന് മുന്നിലെ സിഗ്നലിന് സമീപം ബസ് വലത്തേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ പുറകിൽ ഇടിച്ച കാർ തുടർന്ന് മെട്രോ തൂണിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ രണ്ട് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
കാർ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ആസംഘർ ജില്ലയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. സത്യാം മോദൻവാൽ (20), നിഖിൽ ഗുപ്ത (17) ലക്കി സോങ്കർ (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്നവർ ഫുൽപൂരിൽ നിന്ന് സരായി മിറിലേക്ക് പോവുകയായിരുന്നു. ജഗദീഷ്പൂരിന് സമീപം എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. സത്യാം, നിഖിൽ എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലക്കി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കാറിലുണ്ടായിരുന്ന അൻഷ് സോങ്കർ, അൻമോൽ മോദൻവാൽ, കിഷൻ മോദൻവാൽ, സക്ഷം ബരൻവാൽ, അനുരാഗ് പാണ്ഡേ, ശഗുൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞ് പൊലിസ് ഉടൻ തന്നെ സ്ഥലത്തെത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
National
മുംബൈ: അമിതവേഗത്തിയിലെത്തിയ കാർ ഇടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. നവി മുംബൈയിലെ വാഷിയിൽ പി.കെ.സി ആശുപത്രിക്ക് സമീപത്തുവച്ചാണ് സംഭവം. അപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറെ പിന്നീട് പൊലിസ് പിടികൂടി.
അമിതവേഗത്തിലെത്തിയ വാഹനം മൂന്ന് പേരെയും വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അപകടത്തിന് ശേഷം പരിക്കേറ്റവരെ സഹായിക്കാൻ പോലും നിൽക്കാതെ ഡ്രൈവർ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് പതിച്ചു. തലയോലപ്പറമ്പ് പൊന്നുരുക്കുംപാറ സ്വദേശിയും കുമരകം പഞ്ചായത്തിലെ ജീവനക്കാരനുമായ ജഗദീഷ് സഞ്ചരിച്ച കാറാണ് ഇന്നലെ രാവിലെ 9.30ഓടെ ചക്കാല ജംഗ്ഷന് സമീപം തോട്ടിലേക്ക് പതിച്ചത്.
കാർ തോട്ടിൽ പതിച്ചതു കണ്ട സ്കൂൾ ബസ് ഡ്രൈവർ സമീപത്തെ കടയിലെ കുമ്പളത്താക്കൽ സന്തോഷിനെ വിവരമറിയിച്ചതിനെത്തുടർന്ന് സന്തോഷ് നാട്ടുകാരെ കൂട്ടി ഉടൻ ജഗദീഷിനെ കാറിൽനിന്ന് പുറത്തെത്തിച്ച് തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലകം സ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂളിൽ വിട്ടതിനുശേഷം ജഗദീഷ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ജഗദീഷ് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ജഗദീഷ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി.
കാറിടിച്ച് കാല്നടയാത്രികന് പരിക്ക്
കടുത്തുരുത്തി: അമിതവേഗതയിലെത്തിയ കാറിടിച്ചു കാല്നടയാത്രികന് പരിക്ക്. കടുത്തുരുത്തി പാലകര തോപ്പില് ജോസഫ് (63) ആണ് പരിക്കേറ്റത്. ഇയാളെ കടുത്തുരുത്തി സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ഒമ്പതോടെ കടുത്തുരുത്തി-പാലകര റോഡിലാണ് സംഭവം. സമീപത്തുള്ള സഹോദരിയുടെ വീട്ടില്പോയശേഷം തിരികെ വരുമ്പോഴാണ് അപകടം.
അപകടശേഷം നിര്ത്താതെ മുന്നോട്ടുപോയ കാര് തൊട്ടുപിന്നാലെയെത്തിയ ബൈക്ക് യാത്രികര് തടഞ്ഞു നിര്ത്തിയശേഷമാണ് വാഹനം നിര്ത്തി ഡ്രൈവര് അപകട സ്ഥലത്തെത്തിയതെന്ന് പരിക്കേറ്റ ജോസഫ് പറഞ്ഞു. കടുത്തുരുത്തി പൊലിസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചിട്ടും പൊലിസ് സ്ഥലത്തെത്തിയില്ലെന്നും അദ്ദേഹം പറയുന്നു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ കീസരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വനസ്തലിപുരം സ്വദേശി അലേതി ശിരീഷ് കുമാറാണ് (38) മരിച്ചത്. ഷാമീർപേട്ടയിൽ നിന്ന് കേസര ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
അമിതവേഗത്തിയിലെത്തിയ കാർ ലോറിയുടെ പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുവച്ചു തന്നെ മരച്ചു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
വാണിയംപാറ/ വടക്കഞ്ചേരി: ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ഒരാൾ മരിച്ചു. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. ബിഎസ്എൻഎൽ റിട്ടയേഡ് ജീവനക്കാരൻ വാണിയംപാറ നീലിപ്പാറ, പൊട്ടിമട അബ്ദുൾ റസാക്ക് (65) ആണു മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണു പരിക്ക്. ഇവരെ ആലത്തൂർ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷക്കീലയുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ റസാക്കിനെ രക്ഷിക്കാനായില്ല.
തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ ഓടിച്ചിരുന്ന തൃശൂർ ചിയ്യാരം സ്വദേശി അമലിനെയും (22) കാറും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെണു പ്രാഥമിക വിവരം.
ജോലി കിട്ടിയ മകളെ കാണാൻ എറണാകുളത്തേക്കു പോകുകയായിരുന്നു അബ്ദുൾ റസാക്കും ഭാര്യ ഷക്കീലയും. മകൾക്കു ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശനിയാഴ്ച അയൽവാസികൾക്കും മറ്റും മിഠായി വിതരണം നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അബ്ദുൾ റസാക്കിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം പന്തലാംപാടം മയ്യത്താങ്കര കബർസ്ഥാനിൽ കബറടക്കി. മക്കൾ: മുനാഫ്, നാഹിത, നസ്രിൻ.
Kerala
പാലക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്.
റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറിനായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു.
തൃശൂർ ദിശയിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Kerala
ചെർക്കള: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ, എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന തസ്ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ പൊലിസ് പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലിസ് സംഘമാണ് ഇരുവരെയും പിടിച്ചത്. കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിലെത്തിയപ്പോൾ പൊലിസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു.
സംശയംതോന്നിയ പൊലിസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ദേഹപരിശോധനയിൽ യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നും ഒരുഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാനഗർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
District News
ആറ്റിങ്ങൽ: നഗര മധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരക്കേറിയ മാർക്കറ്റ് റോഡിലാണ് സംഭവം. തോട്ടവാരത്ത് നിന്നും ആറ്റിങ്ങൽ നഗരത്തിലേക്ക് വരികയായിരുന്ന മാരുതി കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് മറ്റുള്ളവരാണ് സംഭവം കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കാർ നിർത്തി ഡ്രൈവർ പുറത്ത് ഇറങ്ങിയ ഉടൻ പുക വർധിക്കുകയും തീ ഉയരുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. തോട്ടവാരം സ്വദേശി അനുപം കെ.പ്രസാദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ.
District News
കായംകുളം: സ്കൂളിലേക്ക് വരുന്ന വഴി വിദ്യാർഥി കാറിടിച്ച് മരിച്ചു. കായംകുളം പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി സുധാമണി ദമ്പതികളുടെ മകൻ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ 9.15ന് ദേശീയ പാതയിൽ കരീലക്കുളങ്ങര പഴയ പൊലിസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ അമിതവേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരീലക്കുളങ്ങര പൊലിസ് കേസെടുത്തു. സഹോദരി ആര്യ.
District News
പാമ്പാടി: കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്.
കൊടുങ്ങൂർ എളപ്പുങ്കൽ സ്വദേശി അശ്വന്ത് സുരേഷിനാണ് (19) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 7:30-ഓടെ പാമ്പാടി പഞ്ചായത്ത് ഓഫീസിന് മുൻവശത്തായിരുന്നു അപകടം. കാർ യാത്രക്കാർക്ക് പരിക്കില്ല.പൊൻകുന്നം ഭാഗത്തുനിന്ന് പാമ്പാടിയിലേക്ക് വരികയായിരുന്ന കാർ എതിർദിശയിൽ എത്തിയ കാറിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. പാമ്പാടി സ്വദേശിയായ ടോം എന്നയാൾ ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്.
ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അപകടസമയത്ത് ഇതുവഴി എത്തിയ സിപിഎം നേതാവ് കെ. രാജേഷിന്റെ കാറിലാണ് പരിക്കേറ്റ അശ്വന്തിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പാമ്പാടി പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ ഡ ടോമിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
Kerala
തൃശൂർ: തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ നടുറോഡിൽ കാർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട യുവതി പിടിയിൽ. ചാഴൂർ സ്വദേശി റഹ്മത്തിനെയാണ് (21) തൃശൂർ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ എഎസ്ഐ കലയുടെ കൈയ്ക്ക് യുവതി കടിച്ച് പരിക്കേൽപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് പൊലിസ് എത്തിയതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
Kerala
കോഴിക്കോട്: വടകരയിലെ തിരുവള്ളൂരിൽ അമിത വേഗതയില് എത്തിയ കാര് നിയന്ത്രണം വിട്ട് ആള്ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
അമിത വേഗതയില് എത്തിയ കാര് ഓട്ടോറിക്ഷയെ മറികടക്കാന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലേക്ക് പാഞ്ഞുകയറി അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സമീപത്ത് പാര്ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലും കാര് ഇടിച്ചു.
പരിക്കേറ്റവരെ ഉടന് തന്നെ നാട്ടുകാരും പോലീസും ചേര്ന്ന് വടകര ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടത്തില് കാറിന്റെ മുന്ഭാഗം പൂര്ണമായും തകര്ന്ന നിലയിലാണ്.
Kerala
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽവച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്.
തിങ്കൾ രാത്രി 10.15നായിരുന്നു അപകടം. ബൈക്കിൽ ഒപ്പം സഞ്ചരിച്ച അനിക്ക് ഗുരുതര പരുക്കേറ്റു. ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വിനോദ് മരിച്ചു.
വിനോദും അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല, ഇത് അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
Kerala
ചേർത്തല: ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്നയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് ഗർഭിണിയായ യുവതി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഭർത്താവ് സതീഷ്, ഷാനി, നസ്രിൻ, വിഷ്ണുരാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ സതീഷ്, വിഷ്ണുരാജ് എന്നിവരുടെ പരിക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്.
Kerala
തൃശൂര്: കയ്പമംഗലത്ത് നിര്ത്തിയിട്ട ചരക്കുലോറിയില് കാറിടിച്ച് എന്ജിനിയറിംഗ് വിദ്യാര്ഥികള് മരിച്ച സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. വിദ്യാര്ഥികള് മദ്യപിച്ചിരുന്നെന്ന ഫോറന്സിക് റിപ്പോര്ട്ടിനു പിന്നാലെ നാട്ടുകാരുമായി വാക്കുതര്ക്കത്തില് ഉള്പ്പെട്ടിരുന്നെന്നും പോലീസ്.
യാത്രയ്ക്കിടെ തൃശൂര് തളിക്കുളം പത്താംകല്ലില് മുറിയെടുക്കാന് നിര്ത്തിയ സംഘം, നാട്ടുകാരുമായി വാക്കുതര്ക്കത്തില് ഏര്പ്പെട്ടെന്നും കൈയാങ്കളിയിലേക്കു നീങ്ങിയതോടെ നാട്ടുകാര് വാടാനപ്പള്ളി പോലീസില് വിവരം കൈമാറിയെന്നുമാണ് വിവരം. പോലീസ് എത്തുമെന്നറിഞ്ഞ് ഇവര് വേഗത്തില് രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില് കൊച്ചിയിലേക്കു കടക്കുന്നതിനിടെ അപകടത്തില് പെടുകയായിരുന്നെന്നും പറയുന്നു.
പത്താംകല്ലിലെ വിവിധ സിസിടിവി ദൃശ്യങ്ങള് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ശേഖരിച്ചു. ഇവരുടെ സഞ്ചാരപാതയും അന്വേഷണത്തിന്റെ പരിധിയിലാണ്.
എട്ടുപേരുടെയും ആന്തരികാവയവങ്ങളുടെ ഫോറന്സിക് പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല് കോളജിലെ ഫോറന്സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. സാമ്പിളുകള് വിശദ പരിശോധനയ്ക്കു കാക്കനാട് കെമിക്കല് എക്സാമിനേഷന് ലാബിലേക്ക് അയച്ചു. സംഭവത്തില് അറസ്റ്റിലായ ലോറി ഡ്രൈവര് പുനെ സ്വദേശി തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ചര്ച്ചയായി ഡോ. ഹിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂര്: ദേശീയപാത 66ല് കയ്പമംഗലത്തുണ്ടായ അപകടത്തില് കൊല്ലപ്പെട്ട യുവാക്കള് മദ്യപിച്ചിരുന്നെന്ന സൂചന നല്കി ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലെ ഫോറന്സിക് മെഡിസിന് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്. റോഡ് നിര്മാണത്തിലെ സുരക്ഷാ വീഴ്ചകളും ദേശീയപാതാ അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെക്കുറിച്ചും ചര്ച്ച ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.
റോഡ് നിര്മാണ മേഖലയില് മതിയായ സുരക്ഷാ മുന്കരുതലുകള് സ്വീകരിക്കാത്തതും റോഡരികില് ഭാരവാഹനം സുരക്ഷിതമല്ലാത്ത രീതിയില് പാര്ക്ക് ചെയ്തതും അപകട സാധ്യത വര്ധിപ്പിച്ച് ഘടകങ്ങളായിരിക്കാം. ഇത്തരം വീഴ്ചകള് ഗൗരവമായി അന്വേഷിക്കണം. എന്നാല്, ഫോറന്സിക് മെഡിസിന് വിദഗ്ധന് എന്ന നിലയില് ദുരന്തകാരണം ഒരു ഘടകത്തില് മാത്രം ചുരുക്കുന്നതു ശാസ്ത്രീയ സമീപനമല്ലെന്ന് അദ്ദേഹം പറയുന്നു.
അപകടത്തില് മരിച്ചവരില് ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നെന്ന് ഫോറന്സിക് പരിശോധനയില് കണ്ടെത്തി. ഇത് അപകടത്തിന്റെ അന്വേഷണത്തില് പ്രധാനപ്പെട്ടതാണ്. ഡ്രൈവറുടെ തീരുമാനമെടുക്കല്, ശ്രദ്ധ, പ്രതികരണ സമയം, വേഗത, ദൂരത്തെക്കുറിച്ചുള്ള നിഗമനങ്ങള് എന്നിവയെ മദ്യം ബാധിക്കുകയും അപകട സാധ്യത വര്ധിപ്പിക്കുകയും ചെയ്യാം. രക്തത്തതിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രം അപകടത്തിന്റെ കാരണമെന്ന നിഗമനത്തില് എത്താനും കഴിയില്ലെന്നത് ഓര്മിപ്പിക്കുന്നു.
മദ്യപിച്ചുള്ള വാഹനമോടിക്കല് സമൂഹം നിരുത്സാഹപ്പെടുത്തണം. ഈ ദുരന്തം നല്കുന്ന പ്രധാന സന്ദേശങ്ങളിലൊന്നും ഇതാണ്. ഇതു പറയാന് മാധ്യമങ്ങള് ഭയക്കേണ്ടതില്ലെന്നും മദ്യപിച്ചു വാഹനമോടിക്കുന്നതു സ്വന്തം ജീവന് മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. ഇക്കാര്യം ഓര്ത്താല് നന്നെന്നും അദ്ദേഹം കുറിപ്പില് പറയുന്നു.
Kerala
മലപ്പുറം: ദേശീയപാതയിൽ ഇടിമൂഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പെരുവള്ളൂർ കൂമണ്ണ വലിയപറന്പ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പെരുവള്ളൂർ കൂമണ്ണ പൂവ്വത്തൻമാട് കോട്ടീരി മുഹമ്മദിന്റെ മകൻ ഹാരിസ് (31), കൂമണ്ണ പൂവ്വത്തൻമാട് കഴുങ്ങുംതോട്ടത്തിൽ അബൂബക്കറിന്റെ മകൻ ജംഷീർ (36) എന്നിവരാണു മരിച്ചത്.കൂടെയുണ്ടായിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ മൂന്നോടെ രാമനാട്ടുകര നിസരി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവർ അപകടം നടന്നയുടൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമൂഴിക്കൽ വച്ച് ദിശതെറ്റിച്ച് ഓവർടേക്കിംഗ് ട്രാക്കിലൂടെ എത്തിയ കല്ലുകയറ്റിയ ലോറി, യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
നാട്ടിലെ സുഹൃത്തുക്കളായ അഞ്ചുപേരും കോഴിക്കോട് ബീച്ച് സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങവയാണ് അപകടമുണ്ടായത്. കണ്ണൂരിൽനിന്ന് ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിസരി ജംഗ്ഷനിൽ എത്തി ഹൈവേയിലേക്ക് കയറുകയും കുറച്ച് ദൂരം പോയി തിരിച്ച് സർവീസ് റോഡിലേക്കിറങ്ങാൻ തിരികെ യുടേണ് എടുത്ത് കോഴിക്കോട് ഭാഗത്തേക്കു വരുന്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറിൽ വന്നിടിച്ചെന്നാണ് പൊലിസ് പറയുന്നത്. അപകടം നടന്നയുടൻ തേഞ്ഞിപ്പലം പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഹാരിസിന്റെ ഭാര്യ: ഫർസാന (കൊളപ്പുറം). മകൾ: ആയിഷ ഇസ (മൂന്ന് വയസ്). സഹോദരങ്ങൾ റഹൂഫ് (മദീന), റഹീം, റാഹില. അമ്മ: റുഖിയ. ജംഷീറിന്റെ ഭാര്യ: ഫൗസിയ. മക്കൾ: നഫീസത്തുൽ മിസ്രിയ, ആയിശത്തുൽ ഖുബ്റ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: മൻസൂർ, റസീന, സൗദാബി. അമ്മ: നഫീസ.
Kerala
കയ്പമംഗലം (തൃശൂർ): നിര്മാണം പുരോഗമിക്കുന്ന ദേശീയപാതയില് വഴിതിരിച്ചുവിടുന്ന ഭാഗത്തായിരുന്നു ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം. ഇവിടെ ആവശ്യത്തിനു വെളിച്ചമോ വ്യക്തമായ ദിശാബോര്ഡുകളോ ഉണ്ടായിരുന്നില്ല.
ദേശീയപാതയിൽ ചരക്കുലോറി നിര്ത്തിയിട്ടതാണ് അപകടത്തിന്റെ തീവ്രത വര്ധിപ്പിച്ചതെന്നു കൊടുങ്ങല്ലൂര് ഡിവൈഎസ്പി രതീഷ് കുമാര് പറഞ്ഞു.
സുഗമമായ യാത്ര ഉറപ്പാക്കുന്ന വിശാലമായ പാതയിലൂടെ അമിതവേഗത്തിലെത്തിയ കാറിന് വഴിതിരിച്ചുവിടുന്നതു സൂചിപ്പിക്കുന്ന ബോര്ഡിനു തൊട്ടുമുന്നില് നിർത്തിയിട്ടിരുന്ന ലോറി തിരിച്ചറിയാന് കഴിഞ്ഞില്ലെന്നാണു സൂചന. ദേശീയപാതയിൽ റോഡ് നിര്മാണം നടക്കുന്ന സ്ഥലങ്ങളില് വാഹനങ്ങള് അലക്ഷ്യമായി നിർത്തിയിടുന്നതു പതിവാണെന്നു നാട്ടുകാർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, മതിലകം സിഐ വി.വി. വിമൽ, കയ്പമംഗലം എസ്ഐ രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തിയാണു തുടർനടപടികൾ സ്വീകരിച്ചത്.
അപകടത്തിൽ മരിച്ച സന്തോഷ് പുതിയ കാർ വാങ്ങിയതിന്റെ ആഘോഷത്തിനായാണു സംഘം കേരളത്തിലേക്കു വന്നത്. എന്നാൽ മറ്റൊരു കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. ഈ കാർ വാങ്ങിയിട്ടും അധികനാൾ ആയിട്ടില്ലെന്നാണു വിവരം. ദിണ്ടിഗലിൽനിന്നു കോയന്പത്തൂരിലെത്തിയശേഷം എറണാകുളം ഭാഗത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
കുട്ടികൾ കേരളത്തിലേക്കു പോയവിവരം പലരുടെയും കുടുംബാംഗങ്ങള് അറിഞ്ഞിരുന്നില്ലെന്നു പൊലിസ് പറഞ്ഞു.
Kerala
തൃശൂർ: കാറിനു പിന്നിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസിടിച്ചു മരിച്ചു. വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സഹജന്റെയും ശരണ്യയുടെയും മകൻ അനുഗ്രഹ് (20) ആണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ ആദിത്തിനു സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. തൃശൂരിൽനിന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു സഹോദരങ്ങൾ. അയ്യന്തോൾ സിവിൽ ലൈനിനു സമീപമുള്ള രഹാന വില്ലാസിനു സമീപം ജലവിതരണവകുപ്പിന്റെ തുറന്നുകിടന്ന വാൽവ് കുഴി കണ്ടതിനെത്തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്നു ബ്രേക്ക് ചെയ്യുകയും പിന്നാലെയെത്തിയ ഇവരുടെ ബൈക്ക് കാറിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീണ അനുഗ്രഹ്, തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുഗ്രഹിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗതാഗതത്തിരക്കേറിയ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ അപകടഭീഷണി ഉയർത്തുന്ന ഈ കുഴികൾ നേരത്തെയും പലതവണ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലിസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും. സഹോദരി: അമേയ.
Kerala
മലപ്പുറം: ദേശീയപാതയില് വെളിമുക്കില് കാര് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി സ്വദേശി തന്വീര് - സഫ്ന ഷെറിന് ദമ്പതികളുടെ ഏക മകള് സൂന നഹര് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വെളിമുക്കില് വച്ച് അപകടം നടന്നത്. കല്ല്യാണവീട്ടില് വച്ച് വലിയുമ്മയുടെ കൂടെ പോകാന് കുട്ടി നിര്ബന്ധം പിടിച്ചതിനെ തുടര്ന്ന് സഫ്നയുടെ മാതാപിതാക്കള്ക്കൊപ്പം പടിക്കലിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇവര് സഞ്ചരിച്ചിരുന്ന കാര് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തില് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പിന്നീട് കൂടുതല് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കൊടുവള്ളിയില് നിയന്ത്രണംവിട്ട കാര് ഇടിച്ച് രണ്ടു കാറുകളും അഞ്ച് സ്കൂട്ടറുകളും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിലും സ്കൂട്ടറുകളിലുമാണ് നിയന്ത്രണം നഷ്ടമായ കാർ വന്നിടിച്ചത്.
ഇന്ന് പുലര്ച്ചെയായിരുന്നു അപകടം. കൊടുവള്ളി ആറങ്ങോട് സ്വദേശി ജലീല് ഓടിച്ച കാറാണ് നിയന്ത്രണംവിട്ടത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പെട്രോൾ പമ്പിൽ കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ജീവനക്കാരനായ മനോജ് കുമാറിനും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സിൽവർ സിറ്റിക്ക് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം. മദ്യലഹരിയിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
പെട്രോൾ അടിക്കുന്നതിനായി ശരിയായ രീതിയിൽ നിർത്തുവാൻ പമ്പ് ജീവനക്കാരനായ മനോജ് കുമാർ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ദീപു വാഹനം അമിതവേഗത്തിൽ മുന്നോട്ട് എടുക്കുകയും മനോജിനെയും മറ്റ് രണ്ട് പേരെയും ഇടിച്ചുതെറിക്കുകയുമായിരുന്നു.
മനോജിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിന് ശേഷം രണ്ട് ഡീസൽ ഡിസ്പെൻസിംഗ് മെഷീനുകൾ തകർത്ത പ്രതികൾ കാറുമായി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ പമ്പ് മാനേജർ അനുരാഗ് ചൗധരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപുവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. തണ്ണീർമുക്കം കട്ടച്ചിറ വേമ്പനാട് റോം വീട്ടിൽ സുരേഷ് തോമസിനാണ് പരിക്കേറ്റത്. സുരേഷ് തോമസ് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് വടക്കുവശത്തായിരുന്നു അപകടം. സർവീസ് റോഡിൽനിന്ന് കാർ ദേശീയപാതയിലേക്ക് കയറുന്നതിനിടെ നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
Kerala
വിഴിഞ്ഞം: വിഴിഞ്ഞം വെങ്ങാനൂരിനു സമീപം കാർ കത്തിയമർന്നു, വാഹനം ഓടിച്ചിരുന്നയാൾ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (63) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വിഴിഞ്ഞം പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരക സ്കൂളിനു സമീപത്തായിരുന്നു സംഭവം.
വെങ്ങാനൂരിൽ നിന്ന് ചാവടിനട ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ നിന്ന് പെട്ടെന്ന് തീ ആളിപ്പടരുന്നതും കാർ പുറകിലേക്ക് വരുന്നതുമാണ് കണ്ടതെന്ന് ദൃക്സാക്ഷിയും സമീപവാസിയുമായ ദിലീപ് പറഞ്ഞു.
ബൈക്ക് യാത്രികരും നാട്ടുകാരും സമീപവാസികളും പിന്നിലെ ഡോറിന്റെ ഗ്ലാസ് തകർത്ത് ടൈറ്റസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീയണച്ചത്. ഇതിനിടെ കാർ പൂർണമായും കത്തിയമർന്നു.
സീറ്റിൽ ഇരിക്കുന്ന നിലയിൽ പൂർണമായി കത്തിക്കരിഞ്ഞ, അസ്ഥിമാത്രമായി അവശേഷിച്ച ടൈറ്റസിനെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. സമീപത്തെ സിസിടിവി പരിശോധിച്ച് കാറിന്റെ നമ്പർ കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളിനെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഞായറാഴ്ച രാത്രി ഒന്പതോടെ ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ഇദ്ദേഹം തിരുവനന്തപുരം വഴി വെങ്ങാനൂരിൽ എത്തിയെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയോടെ സ്ഥലത്ത് എത്തിയ ഇദ്ദേഹത്തിന്റ ഏക മകൻ ഡോ. ഡെന്നീസ്, മൃതദേഹത്തിൽ കണ്ട ചില സൂചനകൾ പ്രകാരം ആളെ തിരിച്ചറിഞ്ഞെങ്കിലും ഉറപ്പിക്കാനായില്ല. തുടർന്ന് വിഴിഞ്ഞം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ അവശിഷ്ടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും സ്ഫോടക വസ്തു പരിശോധന വിഭാഗവും സ്ഥലത്ത് എത്തി ഇന്നലെ പരിശോധന നടത്തി.
ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനത്തിൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നു കണ്ടെത്തിയതാണ് ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതെന്നു വിഴിഞ്ഞം പൊലീസ് പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫിലോമിനയാണ് ടൈറ്റസ് കുര്യന്റെ ഭാര്യ. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.